4/14/14

പാതിരാക്കോഴി



                                                         ...   There is always a first time, full talk time offer

ഈ രാത്രിയിൽ
തീർത്തും പാതിരാക്കോഴികളൊന്നും കൂവാനില്ല,
നമ്മൾ അവയെ സംരക്ഷിക്കാൻ മറന്നുപോയിരിക്കുന്നു;
പാതിരാക്കോഴിപോയിട്ട് ഒരു നാടൻ കോഴിപോലുമില്ല.
എന്നിട്ടും ആദ്യപ്രേമത്തിന്റെ ആവേശത്തിലും
ഫ്രീ ടോക്ക് ടൈമിന്റെ ഉത്സാഹത്തിലും
വെറുതെ കറിക്കരിഞ്ഞഞ്ഞരിഞ്ഞ്
അരിയും കൂട്ടാനും കളിച്ചുകളിച്ചങ്ങനെ.
സത്യത്തിൽ, ഈ ആദ്യപ്രേമത്തിലൊക്കെ നമ്മളെന്തുബോറായിരുന്നു ദാസാ.
ഇപ്പോ മച്ചാനേ, ഒന്നിച്ചൂഞ്ഞാലാടും പോലെ
തുഞ്ചത്തെത്തുമ്പോൾ പിന്നെയും തുഞ്ചത്തേക്ക്
ഈ സംസാരം നിർത്താനേ പോണില്ല.

രാത്രിക്ക് ഏറ്റവും ചേർന്ന നിറം കറുപ്പുതന്നെയാണ്,
അതിന്മേൽ വലിയ ഭാവനകളില്ലാതിരുന്നിട്ടും,
നിലാവേ, നീ വരയ്ക്കുന്നതെന്താണീനിഴലുകളിൽ.
ആ! എന്തെങ്കിലുമാവട്ടെ, രാത്രിയിൽ മറ്റെല്ലാവരും
ഉറങ്ങിപ്പോവുന്നു എന്നതാണേറ്റവും രസകരം.

അങ്ങനെയൊരുമാതിരിയെല്ലാരും, ആ പണ്ടാരൻ അനിയൻ
കുറച്ചും sums കൂടിചെയ്തുകഴിഞ്ഞ് ഉറങ്ങിക്കഴിഞ്ഞ്,
രാത്രി ഏതാണ്ട് പത്തിനും പതിനൊന്നിനും ഇടയ്ക്ക്
(ടിവീലൊക്കെ തമിഴ് നഗ്മകൾ ആടിത്തുടങ്ങുമ്പോൾ)
ലോകത്തിലെ ഏറ്റവും ചെറിയ മഴയുടെ ശബ്ദം,
അതിനും മുമ്പുള്ള മേഘങ്ങളുടെ കുഞ്ഞുമ്മ വൈബ്രേറ്റർ,
നിന്റെ മിസ്ഡ്കാൾ മുഴങ്ങും മുഴങ്ങും.

ആദ്യം കേൾക്കുക ഷവറിന്റെ ശബ്ദമാണ്,
അവൾ കുളിക്കുന്ന ശബ്ദം എനിക്കുവലിയ ഇഷ്ടമാണ്.
എന്നോട് കണ്ണടയ്ക്കാനവൾ പറയും,
പതിഞ്ഞുമിണ്ടുന്ന ജലരശ്മികളിൽ ശബ്ദങ്ങൾ ചിതറിചിതറി,
ടവ്വലുകൾ, റോബുകൾ, നടത്തം, വാതിൽ, വാർഡ്രോബ്,
സിബ്ബുകൾ, എല്ലാമെല്ലാം തങ്ങളുടെ ടോക്ക്ടൈം ഓഫറുകൾ തരും.

എന്റെ മുടി ശരിക്കും നനഞ്ഞിട്ടാണ്,
നിനക്കിഷ്ടമല്ലേ, അവൾ, ഹോ! ഞാൻ
അവളുടെ മെത്ത ഏറെ മൃദുലമെന്നു ഞാനപ്പോൾ സങ്കല്പിക്കും
അവളിതുപറയുമ്പോൾ കാലിലളക്കി മെല്ലെ മെല്ലെ
തലയിണ മാറോടുചേർത്തുവെന്നു ഞാനങ്ങു സങ്കല്പിക്കും

ഇങ്ങോട്ടുനോക്കൂ എന്നുനീ ചിണുങ്ങുന്നതായും
നിന്റെ കണ്ണുകൾ ശരിക്കും രാത്രിയുടെ അനുജത്തിയാണെന്നു ഞാൻ പറയുന്നതായും
അപ്പോൾ നമുക്കൊന്നു നടക്കാൻ പോയാലോ എന്നു നീ ചിണുങ്ങുന്നതായും
എങ്ങോട്ടെന്നു ഞാൻ ചോദിക്കുന്നതും,
(നിന്റെ വീട്ടിൽ പട്ടിയുണ്ടോ എന്നു ഞാൻ ചോദിക്കാറില്ല, ങും)
പേട്ട മുതൽ ശംഖുമുഖം ബീച്ച് വരെ നടന്നാലോ എന്നവൾ,
ഒത്തിരിദൂരമുണ്ടല്ലോ എന്നു ഞാൻ,
അപ്പോ, ഡാ നീ എന്നെ എടുക്കെന്നു നീ
എന്റെ അസുലഭഭാഗ്യമോർത്തു ഞാൻ,
നിന്നെ വാനിന്റെ മറുകരയിൽ വെച്ചു ഞാൻ കോരിയെടുക്കാം
ചന്ദ്രനെ ഒരു തോണിയാക്കി നമുക്ക് തുഴഞ്ഞുപോകാം.
ടാ, എനിക്ക് നക്ഷത്രത്തെ അടർത്തി നീ മിന്നുകെട്ടിത്തരണം.
(അവളുടെ കവിത ശരിക്കും വൈറലാണ് dude)
നമ്മുടെ കല്യാണത്തിന് ഉപ്പ് ഉപ്പായും
പുളി പുളിയായും
മധുരം മധുരമായും, ശരിക്കും പഞ്ചാരയായും,
നമുക്ക് നഗ്നരായും, ച്ഛീ, നീ പോടാ ഊളേ

അല്ലെങ്കിലും കല്യാണമൊക്കെ കഴിഞ്ഞ്
പിന്നെ നമ്മളിങ്ങനെ ഫോണൊന്നും വേണ്ടാത്തരാത്രിയിൽ
(അന്ന് സേഠ്ജീ, എന്തൊരൈഡിയ)
കെട്ടിപിടിച്ചുകെട്ടിപ്പിടിച്ച്,
ശരിക്കും നീയൊരു പേർഷ്യൻ പൂച്ചയാണെന്നെനിക്കു തോന്നും.
യ്യേ, എനിക്ക് പൂച്ചയെ ഇഷ്ടമല്ല,
എന്നാലൊരു ടെഡിബിയർ?, അയ്യേ,
എങ്കിൽ ഭാവന? ഓഹോ! അപ്പോ നിങ്ങള് പ്രേമിക്കുന്നത് ഭാവനയെ ആണോ?
അയ്യോ! സോറീടീ, ആദ്യരാത്രീൽത്തന്നെ കുടുംബകലഹം വേണ്ടാടീ
നാളെയതു മെഗാസീരിയലാവും വേണ്ടെടീ,
ങും നീമൂളി, ഞാൻ ശശിയല്ല, ഷിബു ഷിബു


ഇടയ്ക്കു വച്ച് ഞാനറിയുന്നു,
ഞാൻ നിന്നോട് സംസാരിക്കുമ്പോൾ ഞാൻ സംസാരിക്കുകമാത്രവും
നീ സംസാരിക്കുമ്പോൾ നീ അസൈന്മെന്റ് എഴുതുകയും ചെയ്യുന്നു,
അല്ലെങ്കിൽ റെക്കോഡ് വരയ്ക്കുന്നുണ്ടാവും.
എന്നാലും അമ്പടി കേമീ
ഹോ! നീ ശരിക്കും പെണ്ണുതന്നെ.
പിന്നെയിടയ്ക്കിടെ ഓ! നിങ്ങളെന്തറിയുന്നു മനുഷ്യാ,
രേഷ്മ ദാമോദരനു ലൈനായതും, പ്രിയാ ശങ്കർ ബ്രേക്കപ്പായതും
രൂപേഷ് രണ്ടുപേരെ ഒരുമിച്ചു വളച്ചതും,
അങ്ങനെ കട്ടയ്ക്ക് പലതും നമ്മുടെ ക്ലാസിൽ നടക്കുന്നു.

രാത്രിമഞ്ഞ് മെല്ലെ ജാലകങ്ങൾ കടന്നുപെയ്യുന്നതും
തണുക്കുന്നു എന്നുനാം പുതച്ചുമൂടുന്നതും
ഇപ്പോ, നീയിവിടെയുണ്ടെങ്കിലോ എന്നു ഞാൻ
വെറുതെ, ശരിക്കും വെറുതെയൊന്നു സങ്കല്പിക്കുന്നതും
അപ്പോൾ നീയും അതു തന്നെ സങ്കല്പിക്കുന്നതും
എന്തു നല്ല രാത്രികൾ, മഞ്ഞ് എം ടിയുടേതല്ല, എല്ലാവരുടേതുമാണ് നമ്മുടേതാണ്.

ഉമ്മകളെപ്പറ്റിപ്പറയാതെ ഈ ടോക്ക്ടൈമവസാനിക്കില്ല,
നമ്മുടെ തെരുവുകളിൽനിന്നും തെരുവുകളിലേക്ക്,
പാതിരാക്കാറ്റുകൾ പാറുന്നതെല്ലാ കോളേജ് വരാന്തയിലും,
കേരളത്തിലെ ഏറ്റവും മികച്ച നെറ്റ് വർക്കിനറിയാം;
നമുക്ക് ഉമ്മകൾ ഒരു കവിതയുമല്ലാത്ത ഏറ്റവും നല്ല കവിതയാണ്.
ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ്മ്മ്മ്മ്മാ

..ഈ പാതിരാക്കോഴി എങ്ങനെയാ കൂവുന്നത്, എന്നാലും?



No comments: