എന്നെ ഒരു പരീക്ഷണനാളിയിൽ
പകർന്നുവെക്കൂ
എന്നെ തിളപ്പിക്കുകയോ, തണുപ്പിക്കുകയോ
ചെയ്യൂ,
എന്നിലേക്കു ശ്വാസങ്ങൾക്കടത്തി
കുമിളകളാക്കൂ,
എന്നിലേക്കമ്ലങ്ങളെയോ ക്ഷാരങ്ങളെയോ
ഒഴിക്കൂ,
എന്നെ ലയിപ്പിക്കൂ, എന്നെ
ഒരെലിയിലെങ്കിലും കുത്തിവെക്കൂ,
ഞാൻ ഒരു പകർച്ചവ്യാധിയായി
മോക്ഷം പ്രാപിക്കട്ടെ.
ഈഭൂമിയിലങ്ങനെയലിഞ്ഞൊഴുകാനും, അലിയാതെയലയാനും,
മഴപെയ്തുപിന്നെയും പൊട്ടിച്ചിതറാനും ഞാൻ,
എനിക്കെന്താണുരോഗം, ഏതാണാനുരാഗം, ഞാനെന്താണെന്നുനിങ്ങൾ കണ്ടെത്തൂ,
ഞാനൊരുപുഴയാണെന്നു നിങ്ങൾപ്പറയരുതേ
എങ്കിൽഞാൻ, ഈ പരീക്ഷണനാളികളെത്തകർത്ത്
കവിതകളും കാടുകളുമന്വേഷിച്ചൊഴുകട്ടെ.
പൂക്കളോ, പരാഗങ്ങളോ പ്രണയകവിതകളോ
ഒരു ചെറുപുഞ്ചിരികൾപ്പോലുമില്ലാത്തലോകമേ
നിന്നേകാന്തതകളുടെ അടഞ്ഞവാതിലുകൾക്കപ്പുറം,
മഞ്ഞുകാലങ്ങൾ, നിശ്വാസങ്ങളിൽ
വന്നുറഞ്ഞുനിൽക്കുന്നു.
പഴയപാട്ടുകൾ പാടിപ്പാടി, ഒരു
കൈയ്യാകാശത്താൽ പുതിയ സിംഫണികൾ മെനഞ്ഞ്
ബീഥോവൻ നീ ബധിരനായിരിക്കുന്നു,
നിലാനടത്തങ്ങളോ, മഴയോട്ടങ്ങളോ,
വീഞ്ഞുള്ള മധുവിധു നൃത്തങ്ങളോ മറന്ന്
മൈക്കൾ ജാക്സൺ, നിനക്കു പേശികൾ
വേദനിക്കുന്നില്ലേ
വാക്കുകൾ മെനഞ്ഞവനേ, കവിതകൾ
നിറഞ്ഞവനേ
നിന്നാകാശങ്ങളിൽ പൂക്കൾ
പെയ്ത മരങ്ങളേ
മഴകളേ, നിനക്കൂഷ്മളതനൽകിയ
പക്ഷിത്തൂവലുകളേ,
മഞ്ഞുകാലങ്ങളേ, കനത്ത വാതിലുകൾക്കടന്ന്
പ്രണയവും, പഴയ വാക്കുകളും
സ്വയം യാചിക്കുന്നു
ചിലപ്പോഴെങ്കിലും ഈ അക്ഷരങ്ങൾ
സ്വയം അപനിർമ്മിക്കണം,
നിങ്ങളുടെ പ്രണയങ്ങൾ ചിലർക്കെങ്കിലും
തമാശയാണ്.
പ്രണയത്തിന്നതിരുകണ്ടവരുണ്ടോ?
ഉണ്ടെങ്കിലതിൻ ഭൂപടം കൈവശമുണ്ടോ?
തണ്ടപ്പേർ നിങ്ങളുടെ പേർക്കാണോ?
കൈവശാവകാശം കിട്ടിയിട്ടുണ്ടോ?
കരം കെട്ടുകയോ, അനുഭവമെടുക്കുകയോ
ചെയ്തിട്ടുണ്ടോ?
പിന്നെ പ്രണയത്തിലെത്ര താമസക്കാരുണ്ട്?
സ്ഥിരതാമസക്കാർ ആരൊക്കെയാണ്?
അവർക്കെന്താണോഹരി?
വഴിയും ഒഴിവും പറഞ്ഞിട്ടുണ്ടോ?
അയൽക്കാരും ദിക്കും രേഖയിലുണ്ടോ?
കൈമാറ്റവും മുന്നാധാരവും അറിയാമോ?
നെൽവയലുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ?
മഴയും വേനലും മഞ്ഞുമുണ്ടാവുമോ?
ഇടനാടും മലനാടും കടൽത്തീരവുമുണ്ടാവുമോ?
പുഴകളോ, നദികളോ, കിണറുകളോ
ഉണ്ടാവുമോ?
അന്വേഷിക്കാൻ ഏതുവില്ലേജോഫീസർക്കും ഒരാഴ്ച്ചത്തെസമയം വേണം
……………………………………………………………………………………………………………………………………………………………………………………
……………………………………………………………………………………………………………………………………………………………………………………
……………………………………………………………………………………………………………………………………………………………………………………
………………………………………………………………………………………………………………………………………...................................
അനന്തരം: കവിതകൾ പെയ്യാൻ തുടങ്ങി;
നീയെന്നെനോക്കിയിരിക്കുമ്പോൾ
കണ്ണുകളിൽ പുഞ്ചിരികൾ വന്നുനിറയുന്നത്
പ്രേമത്താലെന്നു ഞാൻ നിനച്ചിടട്ടെ,
കാനനനിഴലുകളിൽ പൂക്കൾ വിരിയുന്നതും
കിളികൾ കുറുകുന്നതും
രാത്രികൾ നമുക്കിരുൾമറകൾതന്നതും
കൈകൾ കോർത്തു നാം, ഞെരിഞ്ഞുഞെരിഞ്ഞ്
ചുണ്ടുകളിൽ നിറയെ ദാഹങ്ങളാൽ,
നദികളെത്തിരഞ്ഞിറങ്ങിയതാണീനദികളേ
നിങ്ങളെ
നാമീ കാലമാം നദിയിലെ തന്മാത്രകളായൊഴുകുന്നല്ലോസ്വയം,
സ്വയം കുടിച്ചോ, കാർന്നുതിന്നോ
അടങ്ങാത്ത വിശപ്പുമായി,
വിശപ്പിനെത്തന്നെ വിഴുങ്ങാൻ,
അല്ല പ്രണയത്തിനെത്തന്നെ പ്രണയിക്കാൻ
എങ്കിലും, നിന്നെക്കാൾ ഉന്മാദിനിയായൊരുവളെ
ഞാൻ കണ്ടെത്തിയില്ലല്ലോ,
എത്ര ശിശിരങ്ങൾ, വേനലുകൾ,
മഴകൾ
എല്ലാം കണ്ടെത്തിയ നമുക്ക്
പൂമണങ്ങളുള്ള രാത്രിയിൽ നടക്കാൻ പോവാം
പുലർകാലത്തെപ്പുഴവെള്ളങ്ങളിൽ
മുങ്ങിനീരാം,
പ്രണയത്താലൊട്ടിയ നമ്മുടെയധരങ്ങളിലെ
തേൻ തുള്ളികൾ കിളികൾക്കുനൽകാം
ഉന്മാദത്താലാപ്പറവകളാകാശത്തിൽ
തലകീഴായ് ഭൂമിയെക്കാണട്ടെ;
ആകാശത്തിന്റെ നിറം പച്ചയാണെന്നു
നമുക്കുസത്യം ചെയ്യാം.
ഭൂമിക്കുമീതേ കാറ്റിലൊരുപട്ടം
പോലെ നമുക്കുപറക്കാം,
ചെറുക്കന്മാരേ, കടൽത്തീരങ്ങളേ,
ഞങ്ങളുടെ നറും വിരലുകളിൽ നൂലുകെട്ടൂവേഗംവേഗം
പറക്കണം പറക്കണം
ക്ലോക്കുകളിൽനിന്ന് നിമിഷസൂചികൾ
ഇറങ്ങിയോടുന്നു തിരശ്ചീനമായി,
ഭൂമിക്കുമേലേ ആകാശം പിളർന്നു
വീഴുന്നു,
ആകാശത്തിൽനിന്നു രക്ഷപെടാൻ
മനുഷ്യർ ഞങ്ങൾ പരക്കം പായുന്നു.
പുഴമഞ്ഞുമൂടിയ സൂര്യൻ:
മെല്ലെനീതൊടൂ, ഉറക്കത്തിലെമഞ്ഞ്,
ഉണർച്ചയിലെൻസൂര്യനേ, നീ-
നീളൻ വിരലുകളാൽ എന്നസ്ഥികളെയുരുക്കിയുണർത്തി,
നിന്നിയുരിലേക്കുന്മാദത്തിലൊരു
കാറ്റിനാൽ,
അതിവിദൂരമീ പ്രണയകാലങ്ങൾക്കപ്പുറം,
പിന്നെയുമൊഴുകുമ്പോൾ നമ്മിൽ
വിരഹത്തിൻ തന്മാത്രകൾ,
എന്നെത്തുളച്ചുനിന്നധരങ്ങളാലാർദ്രചുംബനങ്ങൾപകർന്ന്,
ആലിംഗനത്താൽ, നീളൻ കൈകളാൽ
പ്രണയമേ എന്റെ സൂര്യനേ
എന്നെയുരുക്കിയൊഴുക്കുമീപ്പുഴയിൽ
നീയും ഞാനും
രാവേറെ ശ്യാമമായ്, നിന്നൊളിവീഴാവിരഹങ്ങൾ
പരന്നുപരന്ന്
പകലേറേ ശുഭ്രമായ്, നിൻ പ്രണയത്താൽ
ഞാനുരുകുമീക്കാലങ്ങൾ
മറുപടിക്കവിത:
വാക്കുകൾ മാറിക്കൊണ്ടിരിക്കുന്ന
ഒരു കവിത മനപ്പാഠമാക്കാൻ കഴിയുമോ
ഒഴുകുമീപ്പുഴയിലൊരേവിരഹത്താലും
വിഭ്രത്താലും
നീയും ഞാനുമിങ്ങനെ,
മണ്ണുതിന്നുന്ന ഒരു വേരാണുഞാൻ
ആകാശത്തെത്തിന്നുന്ന ഒരിലയാണുനീ
നമുക്കിടയിൽ,
ഈപ്പ്രണയത്തെക്കാൾ
പുഴയാണുപടരുന്നത്,
മുങ്ങുക, നീയും ഞാനും
പുഴ പറഞ്ഞുവോ; ഇങ്ങനെയെഴുതിനോവിക്കരുതെന്ന്?
No comments:
Post a Comment