12/3/13

അതിജീവനം പ്രണയജീവിതം






വിഷാദത്തിൻ ചില്ലയിൽ പൂക്കുന്ന പൂവാണനുരാഗം
ഇരുഹൃദയങ്ങളാൽ ഹിമശില്പങ്ങൾ നാം തൊട്ടുരുകുമ്പോൾ
നമ്മിലൊഴുകും പുഴയുടെ ഞരമ്പിൽ പൂമൊട്ടുകൾ വിരിയുന്നു,
അതിതാപത്താൽ നുരഞ്ഞുനുരഞ്ഞുനാം മേഘങ്ങളിലേക്കുയരുമ്പോൾ
ആലിംഗനത്താലുമാശ്ലേഷത്താലും ജീവിതത്തോടുകെഞ്ചുന്നു;
അനുനിമിഷമേ, നിന്റെ സമയസൂചികൾ നിശ്ചലമാവട്ടെ
ഈ ലയത്താലതിൻലഹരിയാൽ നുരയട്ടെ ഞങ്ങളീ നിമിഷത്തിൻ ഞരമ്പിൽ,
ഏറെമൌനത്താലും ഏകാന്തവിഹ്വലമീരാത്രിപഥത്താലും,
ചെറുവിരൽകൈകളാൽ പിടിച്ചുനടക്കട്ടെ,
മഞ്ഞുമൂടിയ മലകളേ
നിന്നിലെപ്പച്ചയെത്രപഭാതത്താലും തീക്ഷണപ്രണയത്താലും
നോറ്റതും നോവേറ്റിയതും
കാത്തിരിപ്പാണുകിനാവിനാൽ,
രാമഴകൾനിലച്ചുനിലച്ച് മഞ്ഞുറഞ്ഞ്
ഹൃദയം മിടിക്കാൻ മറന്നുകൽഭിത്തികൾപോലെ നിരാർദ്രമാവുമ്പോഴും
ചെറുവിരലാൽ തൊടുന്നു, എന്നെയുരുക്കുന്നു, ഒരുചുംബനത്താൽ,
ജീവിതം തിരികെയെത്തുന്നൊരാശ്ലേഷത്താൽമാത്രം,
പ്രണയമേ നീ പൂവാണതിൻ ജലമാണു ഞാൻ,
നിന്നിൽ നോറ്റതാണീരാക്കിനാവിലും, വെയിൽ വരുവോളവും,
പെയ്യാമഴകൾ കാത്തുകാത്തുപ്രണയത്താൽ നീരായും നീരാവിയായും,
മേഘമായ്, ആലിംഗനബദ്ധരായ് എത്രപ്രണയത്താൽ പെയ്യാമഴകൾ
നമ്മൾമാത്രം , കാമിനീ
ഇടനെഞ്ചിലുയിരേറ്റിപ്പക്ഷിനീചിറകടിക്കുന്നു ഇരുമ്പഴികളിൽ
ബന്ധിതം സ്വപ്നത്താലും ഈ വാക്കിൻ കണ്ണിയാലും ചങ്ങലകൾചുറ്റുന്നു
നമുക്കുചുറ്റിലും, ഈ വികാരത്താലതിന്നാർദ്രമോഹത്താൽ
മഴപെയ്തിടും നമുക്കുചുറ്റിലും, കൈപിടിക്കൂ 
നിൻ ചൂടിനാൽ ഞാനുരുകട്ടെ
പുഴ ഞരമ്പുകളിൽ പൂക്കാലത്തിന്നാർദ്രതപടരട്ടെ,
നാമല്ലോ സുഗന്ധമതിൻ പൂക്കളും പൂക്കാലവും
നാമല്ലോ പ്രണയത്താലുരുകിടും നാം ബന്ധിതർ
ഈ വാക്കിനാലും സ്വപ്നത്തിൻ കണ്ണിയാലും.

1 comment:

Unknown said...

Chirakillathirikkilum parakkuvan vembunna chirakilla kilikalayi orupadu swapnangalundaavam...akalathirilkuvan orukuuttilakki puutivekkuvan marannathaavam...chilapol parannu pokuvan pazhuthu thedi uzharinokki thalarnnirikkam...