പറയുക പറയുക വീണ്ടും വാക്കിനാലെങ്ങനെ
വാക്കുയിർകൊള്ളുവതെങ്ങനെ മനസ്സിൽ,
തമസ്സഴലിൻ തമസ്സുമാത്രം തടാകം പോലെത്രനിശ്ചലം,
എത്ര സന്ധ്യാംബരങ്ങളിൽ രാമിന്നും നക്ഷത്രക്കിനാവുകൾ
മിന്നിമിന്നിമായുമോർമ്മകളുടെ തിളക്കങ്ങളെങ്കിലും
തമസ്സെത്രകഠിനമീനമ്മെത്തുളച്ചുകയറുന്നു ശ്യാമമായ് രാധാമാധവമായ്
പലപലരൂപങ്ങളായ് നിഴലിനാൽനെയ്ത വിതാനങ്ങളാൽ
മൌനമേ, നീ നടമാടുന്നു, ഈ ലോകത്തിനു നമ്മെ അന്യരാക്കുന്നു
ഹൃദയം കൊണ്ട് ഹൃദയത്തോട്,
പറയാതെയും പറഞ്ഞുമിങ്ങനെ
തുറക്കാത്ത ജാലകങ്ങളിൽ മഴയെയെഴുതുന്നു,
വാക്കുകൊണ്ടെത്ര ജാലങ്ങൾ,
അറിയാതെത്ര നിറങ്ങളാൽ, വാക്കുകൾ ചാലിച്ച്
എഴുതാതെഴുതിയ കവിതകൾ, മഷിപടർന്ന ചിത്രങ്ങൾ
നിൻ വാക്കിനാൽ തൂവിയ നിറങ്ങളേകിയ
നിമിഷദലങ്ങൾ കൊഴിയുന്ന പൂവാണുജീവിതം,
ഓർമ്മകളിലെല്ലാം ശ്യാമമായ് രാധാമാധവം,
അതിൽ ലയിക്കും മേഘജാലമേ, വാനിലതിലോലം,
ചുംബനങ്ങളാൽ അതിഗാഡം,
ഹൃദയമൊരുമഷിക്കുപ്പിയതിൽ,
നിറങ്ങൾ കലങ്ങിപ്പോയ തൂവാനമാണുഞാൻ,
നീ നിറവെയിൽ, ഞാൻ നിൻ നിഴൽ,
ശ്യാമം രാധാമാധവം അതിമോഹനം,
കൃഷ്ണാ, നീയല്ല നിൻ പാട്ടല്ല,
രാധാനടനമല്ല, സ്ഫടികസമാനമീ
തമസ്സിൻ തടാകത്തിൽ,
വരിമറന്നതുമല്ല, വാക്കുകൾ തൂവിപ്പോയതുമല്ല
മനസ്സിൽ
മൌനം മാത്രം മുഴങ്ങിടുമ്പോൾ നീ
ശ്യാമം, മേഘദ്രവങ്ങളിൽ,
നിൻ ചുംബനങ്ങളിൽ
മഷിക്കുപ്പികളുടയുന്നു,
സർവ്വം തമസ്സുമൂടിയ തടാകം പോൽ
തണുത്തു തണുത്ത്,
പറയുക പറയുക വാക്കുയിർകൊള്ളുവതെങ്ങനെ,
പ്രണയമില്ലാതെ, ഉയിർപ്പൂക്കാതെ,
ചുംബനങ്ങളാലുരുകാതെ,
നിന്നിലേക്കുചായുമീ വെയിലിൻ നിഴലാണുഞാൻ,
വാക്കിൻ തടാകമാണുഞാനെന്നിൽ കലങ്ങിയതാണുകവിത.
No comments:
Post a Comment