12/14/07

കാറ്റിന് പറയാനുള്ളത്.....

കാറ്റിനുമാത്രം അറിയുന്ന ചിലതൊക്കെയുണ്ട്.
കൊളുത്തുപൂട്ടില്ലാത്ത ജനവാതിലുകള്‍
രഹസ്യങ്ങള്‍കേട്ടു കിടുങ്ങാറുണ്ട്.
പൊളിഞ്ഞിളകിയ ഊറവീണനിലം
കറുത്തമുള്ളുകളുള്ള പല്ലികള്‍
കാറ്റിനവയോടൊന്നും പറയാനില്ല.
വെയിലില്‍ നീന്തുന്ന തുമ്പികള്‍
ഉണങ്ങിയ പുല്ലുപാടത്തില്‍
കാറ്റിനെമറന്നു പറക്കുന്നു.
കാറ്റെല്ലാമറിയുന്നു.
ചാഞ്ഞുവീണ മരം
ചകിതമായ ചിന്തകള്‍
നൂലുലപ്പുള്ള പട്ടങ്ങള്‍
ചൂലുമറന്ന മാവിലകള്‍
കാറ്റിനെല്ലാമറിയാം.
മൂക്കുചളുങ്ങിയ കണ്ണട
ചരമക്കോളത്തില്‍ പരതുമ്പോള്‍
മഷിക്കറുപ്പുള്ള നരപ്പില്‍
കാറ്റിന്റെ കതിന മണക്കുന്നുണ്ടാവും.
അധ്യാപകന്റെ ചൂരലൂക്കില്‍
ശ്വാസമെണ്ണിക്കണ്ണുപൂട്ടി
കൈവെള്ളയിലറിവിനെവാങ്ങുക.
കാറ്റിനുമതേ പറയാനുള്ളൂ.
ജനാലകളുലച്ച്
വെയിലിന്റെ അസ്ഥിപരതി
കാറ്റുമൊഴിഞ്ഞ വാക്കുകള്‍
കണ്ണില്പൊട്ടിയ പൂതപ്പൂകയായ്
പുതിയ കഥകള്‍ മെനയുമ്പോള്‍
അമ്മയുടെ മണമുള്ള കട്ടിലില്‍
മുഖം ചേര്‍ത്തുവിങ്ങുക.
കുഴമ്പുമരുന്നുപുരട്ടുമ്പോള്‍
അമ്മയ്ക്കും ചിലതുപറയാനുണ്ടാവും.

10 comments:

ശ്രീ said...

“അമ്മയുടെ മണമുള്ള കട്ടിലില്‍
മുഖം ചേര്‍ത്തുവിങ്ങുക.
കുഴമ്പുമരുന്നുപുരട്ടുമ്പോള്‍
അമ്മയ്ക്കും ചിലതുപറയാനുണ്ടാവും.”

അതെ, എല്ലാ ദു:ഖങ്ങളില്‍‌ നിന്നും മോചനം തരുവാനാകും ഒരമ്മയുടെ സാമീപ്യത്തിന്.

നല്ല വരികള്‍‌...
:)

Anonymous said...

കൊള്ളാല്ലോ !!!

രാജന്‍ വെങ്ങര said...

"വെയിലില്‍ നീന്തുന്ന തുമ്പികള്‍
ഉണങ്ങിയ പുല്ലുപാടത്തില്‍
കാറ്റിനെമറന്നു പറക്കുന്നു."

ഉള്ളിലേക്കും പുറത്തേക്കും വലിച്ചുമിറക്കിയും വിടുന്ന
ഈ കാറ്റിനെ മറന്നിട്ടു തന്നെയാണ് എല്ലാരും നീന്തി പറന്നു മറിയുന്നതു.ഈ ജീവിത സത്യത്തെ ലളിതമായും ശക്തമായും ബിംബവല്‍‌ക്കരിച്ചിരിക്കുന്നു.നന്നായിട്ടുണ്ടു.
ഭാവുകങ്ങള്‍‌.

ഉപാസന || Upasana said...

Kollaam prayaa
:)
upaasana

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കാറ്റിനുമുണ്ടൊരു കിന്നാരമോതാന്‍...

:)
നല്ല കവിത

ഏ.ആര്‍. നജീം said...

നല്ലൊരു കവിത...
:)

ദിലീപ് വിശ്വനാഥ് said...

അമ്മയുടെ മണമുള്ള കട്ടിലില്‍
മുഖം ചേര്‍ത്തുവിങ്ങുക.
കുഴമ്പുമരുന്നുപുരട്ടുമ്പോള്‍
അമ്മയ്ക്കും ചിലതുപറയാനുണ്ടാവും.

എനിക്കതങ്ങു ഇഷ്ടപ്പെട്ടു.

vadavosky said...

:) :) :)

priyan said...

ശ്രീ, മലയാളംബ്ലോഗ് റോള്‍, രാജന്‍, ഉപാസന, പ്രിയ, നജീം, വാല്‍മീകി, vadovsky.....
എല്ലാവര്‍ക്കും ഒത്തിരി ഒത്തിരി നന്ദി...:-)

ഹൃദയഗീതം said...

തരളമാം കാലൊച്ച കേട്ടൊരാ വഴിയില്‍ കൊതിയോടെ നോക്കുന്ന നേരം
മണിമുത്തു പൊഴിയുമാ മിഴികലൊളിപ്പിച്ച
നിൻ പ്രണയത്തിൻ നൊമ്പരംകണ്ടു.