ഈ കവിതയ്ക്ക്
ജീവിച്ചിരിക്കുന്നവരുമായി ഒരു ബന്ധവുമില്ല.
മരിച്ചവരെ ഓർമ്മകൊണ്ടുപദ്രവിക്കരുത്,
അവർ ജനാലകളും, വാതിലുകളും മേൽക്കൂരകളുമില്ലാത്ത വീടുകളിൽ
ഉറങ്ങുന്നു.
മരിച്ചവരെപ്പറ്റിയാണ്,
അതെ,
ശവമായി ഒരിക്കൽ കാണപ്പെട്ടുവെന്നതിനാൽ മാത്രം .
ആരോ വാതിൽക്കൽ വന്നുവെന്ന് വല്യപ്പനും
മുകളിലാരോ വന്നുനിൽക്കുന്നുവെന്ന് മമ്മയും ഭയന്നതുപോലെ
(അത് നിശ്ചയമായും മരണമെന്ന് ഞങ്ങൾ വിഷാദിച്ചു,
ഫാ: ജോർജ് സാത്താനോട് ആജ്ഞാപിക്കുകയും,
കർത്താവിന്റെ ശരീരം കൈക്കൊള്ളാൻ തുടങ്ങുകയും ചെയ്തു)
പ്രേമിക്കാനറിയാത്തവരുടെ, സ്നേഹമില്ലാത്തവരുടെ കാറ്റ് വാതിലുകളെയും
മഴ ആകാശത്തെയും
വിട്ടുപിരിയട്ടെ, ഒറ്റയ്ക്കാവട്ടെ,
അനന്തമായി പ്രേമിച്ച്, സ്നേഹിച്ച്
മനുഷ്യരെ ഇങ്ങനെ ഭയപ്പെടുത്തരുത്.
കവിതകൾ ദൈവത്തിനുള്ള കത്താണ്
അവിടെയും സുഖം
ഇവിടെയും സുഖം
എന്നു വിശ്വസിച്ചുകൊണ്ടിനിയെഴുതാനാവില്ല.
സത്യങ്ങളുടെ ശവങ്ങൾ ഞങ്ങൾക്കുവിട്ടുതന്നുകൊണ്ട്
നുണകളുടെ കാമത്തെ നീയടർത്തിക്കൊണ്ടുപോയിരിക്കുന്നു.
ഞാനയാളല്ല എന്നു നിഷേധിച്ചുകൊണ്ട്
ചത്തവനെ ചുംബിച്ചുകൊണ്ട് വിലപിക്കുന്നു.
രാത്രിയുടെ ഇരുട്ട് അഴിച്ചുവിട്ട ഉറക്കം-
കിനാജീവിതങ്ങളിൽ
വെളിപാടിന്റെ നിലാവുനിറച്ചെഴുതുമ്പോൾ
പ്രിയപ്പെട്ടവനേയെന്നുവിലപിച്ച് ഒരുവൾ
ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവുമില്ലായെങ്കിലും
അയാളെക്കുറിച്ചുള്ള കവിത വായിക്കുന്നു.
അവളുടെ പ്രേമത്തിനോ
നനഞ്ഞുകുതിർന്ന മഴക്കാലത്തിനോ
രാത്രിയിലെപ്പോഴാണു മഴ പെയ്തതെന്നും
കാല്പാടുകളില്ലാത്ത ലോകത്തിലേക്കയാൾ
നടന്നുപോയെന്നും
ആർക്കും ഒന്നുമറിയില്ല.
ഒന്നും മനസിലാക്കാനുമില്ല.
ദൈവമേ, നിന്റെ തിമിരം പൂണ്ട കണ്ണുകൾക്ക്
അക്ഷരങ്ങളുടെ വിട്ടൊഴിയാത്ത അറവുകൾക്ക്
ഞാൻ കഴുത്തുനീട്ടിക്കൊടുക്കുന്നു.
നീ ബലികൾ തേടിക്കാത്തിരിക്കുന്നു.
ത്യാഗത്തിനെ വാഴ്ത്തുന്നവർക്കുവേണ്ടി,
പ്രേമിച്ചവരുടെ മാത്രം സത്യമായ ദുഖത്തിനാല്‍ മാത്രം
ഇനിമുതൽ
മരിച്ചവരെപ്പറ്റിയാണെഴുതുക,
നൊന്തിട്ടും നോവാത്തവരെപ്പറ്റി
പരിചയം കൊണ്ടുയാചിക്കാത്തവരെപ്പറ്റി
വിശപ്പും കാമവും നശിപ്പിച്ചവരെപ്പറ്റി
ഉടലുകൾ മാത്രം ചിന്തിപ്പിക്കുന്നവർക്കുവേണ്ടി
അതിനായി മാത്രമാണ്
ഈ കവിതയ്ക്ക്
ജീവിക്കുന്നവരുമായി ഒരു ബന്ധവുമില്ലാത്തത്.