4/20/08

കൊല്ലരുത്...


വരൂ നമുക്കു ഗുഹാക്ഷേത്രങ്ങള്‍ തിരയാം.
നിഴലുകളുടെ നനവുതേടി വെയില്‍ക്കാടുകളില്‍ അലയാം.
ചിത്രശലഭങ്ങളുടെ ചിറകുകളില്‍
ശാപമോക്ഷം നിലവിളിക്കുന്ന വേനലിന്റെ നിറങ്ങള്‍ വായിക്കാം.
കാനനത്തിന്റെ ചില്ലകളില്‍ ഇലകളുടെ മുറിവുകളില്‍
ചുവന്ന രക്തപ്പാടുകളില്‍ പൂപ്പല്‍ബാധിച്ച സ്വപ്നങ്ങളെ ചുംബിക്കാം.
പിന്നെ വെയിലിനെ നനച്ച് ചിത്രശലഭങ്ങളെ പറക്കാന്‍ വിടാം.
ഇനിയും പെയ്യാനുള്ള മഴകളില്‍
നിറങ്ങളെല്ലാം ഒലിച്ചുപോവട്ടെ.
അതുവരേയ്ക്കും ചായങ്ങള്‍ തേച്ച കാന്‍വാസില്‍
ഭയാര്‍ത്തമായ നിഴല്‍പ്പാടുകളെഴുതി
കാനനവാസിയായ ശിലായുഗജീവി
ചിത്രവര പഠിക്കട്ടെ;
ഇനി ആരും കൊല്ലരുത്.
നിറങ്ങള്‍ തല്‍ക്കാലം ചായങ്ങളുടേതാണ്.