3/18/08

അപ്പോള്‍ മാത്രം


അകലെ അകലെ
തീമലകള്‍ക്കുപിന്നില്‍
വെളിച്ചത്തിന്റെ ചിറകുള്ള ഒരു പക്ഷിയുണ്ട്.
പാടിയും പറഞ്ഞും
കൂട്ടിനാരുമില്ലാതെ തനിയേ തനിയേ
അഗ്നിക്കുമേലേപറന്ന്
ഏതുനിമിഷവും ആത്മാഹുതിചെയ്തേക്കാം.
അപ്പോഴെങ്കിലും
പച്ചമാംസവും ചൂടുചോരയും മണത്ത്
ആരെങ്കിലും എത്തിച്ചേരും.
അപ്പോള്‍ മാത്രം.

3/17/08

ഒരു മരത്തിന്റെ കഥ

മരം നാള്‍ക്കുനാള്‍ ശോഷിച്ചുവന്നു.
ഇലകളെല്ലാം കൊഴിഞ്ഞ്
എല്ലുകള്‍ മാത്രം ശേഷിച്ച്
വേനലെല്ലാം തളര്‍ന്നുവഹിച്ച്
ചില്ലകളിലൂടെ മഴ
നനഞ്ഞിറങ്ങി.
എന്നിട്ടും ഒരിലപോലും കിളിര്‍ത്തില്ല.
ഡോക്ടര്‍മാരെത്തി
ഞരമ്പുകുത്തിത്തുളച്ചു,
പരിശോധനകള്‍ നടത്തി.
അസ്ഥിദ്രവങ്ങളെച്ചോര്‍ത്തി
ഭൂതക്കണ്ണാടികള്‍
അര്‍ബുദം സ്ഥിരീകരിച്ചു.
മണ്ണുമാന്തി
വളരെകനത്തില്‍
പിറവിതൊട്ടേ
സൂര്യനോ കിളികളോ പൂക്കളോ അറിയാതെ
വളര്‍ന്നുവളര്‍ന്ന്
ആര്‍ദ്രതയുടെ കുളങ്ങളിലേക്കാഴ്ന്നുപോയ
അര്‍ബുദം മൂടോടെ മാന്തിയെടുത്തു.
അതിവിജയകരമായ ചികിത്സ!
മരം നിലത്തേക്കുപതിച്ചു.
ഒരുപിടിചുവന്നപൂക്കളെ അര്‍പ്പിച്ച്
മുഷ്ടിചുരുട്ടി വായുവിലുയര്‍ത്തി
എല്ലാവരും പിരിഞ്ഞുപോയി.

3/12/08

അവസാനത്തെ കത്ത്



അവസാനത്തെ കത്ത്
എവിടെനിന്നാവും വരിക.
ഡെല്‍ഹി, കല്‍ക്കത്ത, മുംബെ
അമൃത്സര്‍, ചെന്നെ
അങ്ങനെയേതെങ്കിലും നഗരത്തില്‍നിന്നാവും.
അതൊരുപക്ഷെ
വന്നില്ലായെന്നുമാവാം.
മെലിഞ്ഞുനീണ്ട ആ വിരലുകളെഴുതുന്നത്.
ഒരുചുംബനത്തിന്റെ ദൂരത്തിലാവുമ്പോഴും
പരിഭ്രമിപ്പിക്കാറുള്ള അകലം.
ഒന്നുപിടഞ്ഞുമാറിയിരുന്നാല്‍
ഞാന്‍ നിന്നെ സ്നേഹിക്കുന്നതേയില്ലെന്നതും,
അറിയാ‍മെല്ലാം പക്ഷെ
ഒന്നുറക്കെകരയുമ്പോള്‍പോലും
കേള്‍ക്കാതിരിക്കാനകലം നാം തമ്മിലുണ്ടോ?
ഇതൊക്കെ ചോദ്യങ്ങളല്ല,
ഞാന്‍ നടത്തുന്ന യാചനകളാ‍ണ്.
ഇതു യാചനകളുമല്ല,
എന്റെ നിസ്സഹായതയാണ്.
ആ കത്തില്‍ നീ പറയാനിടയുള്ളത്
മഴ, വേനല്‍, പൂക്കള്‍, പുതുരുചികള്‍
എല്ലാം എന്തുസുന്ദരമാണെന്നാവും.
മറക്കാനാഗ്രഹിക്കുന്നതെല്ലാം
അങ്ങുദൂരേക്ക് ഒരുകത്തില്‍
(അവസാനകത്തിന്റെ സാന്ത്വനത്തില്‍)
ഒതുക്കിനിര്‍ത്തുവാന്‍ കഴിയുന്നതും.
ഇല്ല
ഉമ്മറത്തെ ഫിലമെന്റ്ബള്‍ബിന്റെ മഞ്ഞവെട്ടത്തില്‍
ഞാന്‍ ആ കത്തുവായിക്കില്ല.
ആ കത്ത് അമ്മയാവും വായിക്കുക,
സാധാരണമായ വാക്കുകളില്‍
നിന്റെ കൂട്ടുകാരി എത്ര സുന്ദരമായി എഴുതിയിരിക്കുന്നു.
ഇതുപോലെയൊരുകത്തെഴുതാന്‍ നിനക്കുകഴിയുമോ?
ഇല്ലമ്മേ, എനിക്കറിയില്ല ഇത്ര സുന്ദരമായെഴുതാന്‍
എനിക്കങ്ങനെയെഴുതുകയും വേണ്ട.

3/10/08

ആത്മഹത്യാമുനമ്പ്


ഇല്ല
വൈകിയാണുവന്നതെങ്കിലും
പറഞ്ഞിട്ടുപോകാമായിരുന്നു.
രാവുചെന്നെത്തുന്നത്
പുഴയുടെ തീരത്തുള്ള
നമ്മളിരിക്കാറുള്ള
ആ പാറമുനമ്പത്താവും.
ആരായാലും ആദ്യമെത്തുന്നവര്‍
എഴുതിവെക്കേണ്ട ആത്മഹത്യാക്കുറിപ്പ്
ഏറെത്തിരഞ്ഞിട്ടും കാണാത്തതിനാല്‍
അവന്‍ ഒറ്റയ്ക്കുപോയിമരിച്ചിരിക്കും.
പക്ഷെ
രാവുപെയ്യുന്ന പുഴയുടെതീരത്തെ
ആ പഴയ പാറമുനമ്പ്
ഗുഹാക്ഷേത്രത്തിന്റെ വിശുദ്ധിയോടെ
ആത്മഹത്യാക്കുറിപ്പുകളെ
ജപിച്ചുതീര്‍ക്കുന്നുണ്ടാവും.
അവിടെക്കുപെയ്യുന്നതിനു
പരിഭവങ്ങളുടെയും
ഒറ്റപ്പെട്ടതിന്റേയും
മരണതണുപ്പുള്ള രതിമൂര്‍ച്ച.
പക്ഷെ അതിനും മുമ്പേ
ഉത്തരം മുട്ടിച്ചതെന്താണ്?
ഈ ദിക്കില്‍
ഏതവിശുദ്ധിയെക്കൂട്ടുപിടിച്ചാലും
ഒറ്റയുത്തരത്തിന്റെ പ്രതിധ്വനിയാവും.
അതാവും
പക്ഷെ ഒന്നുപറയാമായിരുന്നു;
കൂടെ ഞാനും വന്നേനെ.

3/7/08

എനിക്കറിയാത്ത ചിലതെല്ലാം



ഒറ്റയ്ക്കുനടക്കുന്നതിന്റെ നിഴല്‍
ഇലവെട്ടമുള്ള പകലില്‍കാണുമ്പോള്‍
ചോന്നുതുടങ്ങിയ മരച്ചില്ലകളില്‍
രാത്രി കരയുന്നു.
മരം
മരണത്തിനോടല്ലാതെ
തണല്‍ വിരിച്ചുനില്‍ക്കാന്‍
ആരോടാണ് പറയുക?
കടലിനുപിന്നില്‍
കൈകോര്‍ത്തുപിടിച്ച്
ചില പൂവള്ളികള്‍
പഴയ ഒരുപൂക്കാലത്തിനെ
ഓര്‍ത്തെടുക്കുന്നുണ്ടാവും.
തിരിഞ്ഞുനടക്കുന്നത്
മുന്നിലുള്ളതിനേക്കാള്‍
പിന്നിലുള്ളതിനാലാവും.
മുന്നോട്ട് നടന്നാല്‍
പിന്നോട്ടുനടക്കാനും
ഏറെയുണ്ടാവുമല്ലോ.
പ്രക്ഷുബ്ധമായ കടല്‍
മേഘങ്ങളോടുകയര്‍ത്തും
പിന്നെ വിയര്‍ത്തും
ചെന്നുചേരുന്നതിന്റെ പേരുമാറ്റിയാല്‍?
ഇല്ല ഇല്ല ഇല്ല
ഇതൊന്നുമല്ല;
മറ്റെന്തോ ആണ്.

3/6/08

ചിലകാലങ്ങളില്‍ ചിലദാവണികള്‍

വീട്ടില്‍
ചിറ്റയുടെ കല്യാണത്തലേന്ന്
ദാവണിയില്ലാത്ത കാലം പിറന്നു.
ചിറ്റയുടെ കുഞ്ഞിമോള്‍ ഇനിയതുടുക്കാനിടയില്ല.
ജനാലവിരികളായി,
തലയണയുറകളായ്
കൈക്കുഞ്ഞുങ്ങളുടെ ഇച്ചിത്തുണിയായ്
അലമാരയുടെ വസ്ത്രമടുക്കിനൊടുവില്‍
ചിലകാലങ്ങളില്‍ ചിലദാവണികള്‍.
ഫാഷന്‍ഷോകളില്‍ ദാവണികളവതരിക്കാറുണ്ട്,
സത്യനന്തിക്കാടിന്റെ സിനിമകളില്‍
അങ്ങനെയങ്ങനെ……………………………….
പക്ഷെ
ഇതൊന്നുമെന്തേ എന്റെ വീട്ടിലില്ല.
വീടൊരു സിനിമയല്ല,
വീട്ടില്‍ ഷോയുമില്ല.
പിന്നെ ദാവണി,
അത് അവിടവിടെ
അതിന്റെ ഭാഗധേയം
ചിറ്റ പോയപ്പോള്‍ത്തന്നെ നിര്‍ണ്ണയിച്ചുവല്ലോ.