9/26/07

മറവി....

നിഴലുകളുടെ ഈ താഴ്വരയില്‍
കുതറിമാറാന്‍ കൊതിക്കുന്ന കുറേ സങ്കല്പങ്ങളുണ്ട്
അഴുകിയ പൂക്കളുടെ മണ്‍പാതയോരങ്ങളുണ്ട്.
ചാഞ്ഞ മരങ്ങളുടെ ഗതകാലസ്വപ്നങ്ങളുണ്ട്.
മഴവീണു നനഞ്ഞ കല്പടവുണ്ട്.
വേലികെട്ടിത്തിരിച്ച,കുട്ടികളുപേക്ഷിച്ച കളിയിടങ്ങളുണ്ട്.
കിളികളുപേക്ഷിച്ച കിന്നാരങ്ങളുണ്ട്.
ഓര്‍മ്മകളുടെ ഓണവെയിലും,ഒറ്റ തിരിഞ്ഞ വേനല്‍മഴയുമുണ്ട്.
പിരിഞ്ഞു പോയവര്‍, ഊഴം കാത്തുനില്‍ക്കുന്നു,
ഓണമുണ്ണുവാന്‍, തിരുവാതിര നനയുവാന്‍.
നമ്മള്‍ക്കിനിയും പരിചയമില്ലല്ലോ,
നമ്മള്‍ ആരാണെന്ന് ആരെങ്കിലും ഒന്നു പറഞ്ഞ് തരൂ...

9/16/07

ചോരക്കൂട്ട്........

നിനക്കും എനിക്കു ഇടയില്‍
മരവിച്ച കുറേ സ്വപ്നങ്ങളുടെ മരണഗന്ധമുണ്ട്.
കുതറിമാറാന്‍ മറന്നുപോകുന്ന വിഭ്രമസങ്കല്പങ്ങളുണ്ട്.
നിഴലുകളുടെ നിലവിളി പിന്തുടരുന്ന
നിന്റെ കാലൊച്ചകളുണ്ട്..
ചില്ലുടഞ്ഞ കണ്ണാടികൂടിനുള്ളില്‍,
കാലം കരുതിവെച്ച കണക്കുതീര്‍ക്കലുകളുടെ
ശൈത്യകാലക്കാറ്റുണ്ട്.
വിടപറഞ്ഞ് പോയ ആത്മാക്കള്‍ തൂങ്ങിനില്‍ക്കുന്ന
മുരിക്കു മരത്തിന്റെ മുള്ളുകള്‍ പോലെ,
ഉണങ്ങിപ്പൊഴിയാത്ത പ്രതികാരമുണ്ട്.
ഒരു പനിനീര്‍പ്പൂവിനുള്ളില്‍ നീയെനിക്കു ദാഹജലം തരുമ്പോള്‍,
വിഷം കലര്‍ന്ന പാനപാത്രം നിനക്കായി നീ മാറ്റിവെയ്ക്കും,
എന്നെ ഒറ്റയ്ക്കാക്കി മരണത്തിന്റെ കൂട്ട് തേടിപോകുമ്പോള്‍
നീ തിരിഞ്ഞു നോക്കാന്‍ മറക്കും.
അവസാനതുള്ളി ചോരയും വാര്‍ന്നു ഞാന്‍,
നിന്റെ നിഴലു പോലെ കുതിക്കാന്‍ വെമ്പുന്നുണ്ടാവും...

നന്ദി....

ജനിമ്രുതികളുടെ താരാട്ടിലേക്ക്,
നീയും ഞാനും മുത്തുളെണ്ണികോര്‍ത്ത മഞ്ചാടിമാലകാട്ടി,
വെറുതെ എന്തിന് നീയെന്നെ മടക്കിവിളിക്കുന്നു.
വയ്യിനിയുമൊരുജന്മംകൂടി പൂവുകള്‍ തെണ്ടും പൂമ്പാറ്റയാകുവാന്‍,
കാറ്റിനു കുറുകെ, സൂര്യനെ നോക്കി കുതിക്കുവാന്‍,
പിന്നെകരിഞ്ഞ ചിറകിന്റെ സുഗന്ധവും പേറി
പുഴുവായി മണ്ണില്‍ നിപതിക്കാന്‍.
മഴപൊഴിയുന്ന മാനവും കാത്ത് , കാറ്റിനൊപ്പം കഥകള്‍ കേട്ട്
ഹ്രുദയരക്തം പൊട്ടിയൊലിക്കുന്ന പടിഞ്ഞാറെ മാനത്തെ
വിരഹാര്‍ദ്രസന്ധ്യകള്‍.
ഓര്‍മ്മകളിലിന്നും മഷിപാടുമായാത്ത,
മിഴിനീരുവീണുണങ്ങിയ നമ്മുടെ ഹ്രുദയരേഖകള്‍.
മഞ്ഞച്ചു പോയതു പ്രാരാബ്ദങ്ങളുടെ നുകം വലിച്ച,
നമ്മുടെ സ്വപ്നങ്ങളുടെ നെല്‍ക്കതിര്‍കൂമ്പുകള്‍,
മോഹങ്ങളുടെ ലഹരി, വിഭ്രമത്തിന്റെ കൈത്തെറ്റ്
തൂവിപ്പോയ ആര്‍ദ്രഹ്രുദയം.
മാപ്പില്ലാത്തതെന്റെ മനസ്സിനും മനുഷ്യജന്മത്തിനും..
പിന്നെ നിന്റെ ദയ, അതെന്നും നിന്റേതു മാത്രം..
എന്റെ ആകാശത്തിനു അതിരുകള്‍ ഉണ്ടല്ലോ,
നീയൊരല്പം വൈകിപ്പോയല്ലൊ...

9/11/07

വിമൂകം.........

ഇടയ്ക്കിടെ പെയ്യുന്ന ചാറ്റല്‍ മഴയില്‍,
പതിയെ മൊഴിയുന്ന നൊമ്പരക്കവിതകള്‍.
എന്റെ ഹ്രുദയം പിളര്‍ക്കുന്ന ജലച്ചിലമ്പലില്‍,
കേള്‍ക്കാതിരുന്നെങ്കിലീ വാക്കുകള്‍, വിങ്ങലുകള്‍..
നാം പറയാതിരുന്നെങ്കിലീ പഴങ്കഥകള്‍.
വെറുതെ വിമൂകമായാലസ്യം ചേര്‍ത്തെന്റെ മാറിലേക്കു നീ
മെല്ലെ ചായുക, നിന്റെ നിശ്വാസങ്ങളെ അറിയാനും‍ പുണരാനും‍,
ഞാനല്ലാതാരറിവൂ നിന്നെ, ഇത്രമേല്‍ സ്നേഹിക്കുവാന്‍,
നിന്നെ നീയായറിയുന്നു ഞാനിതാ, നിന്റെ ഓര്‍മ്മകളില്‍ പിന്നെയും,
നിറയെ പൂക്കുന്നു നിശാഗന്ധികള്‍,
നമ്മള്‍ ഓര്‍മ്മയുടെ പാട്ടുകാര്‍, എന്നും കൂട്ടുകാര്‍...‍